Monday, March 30, 2009

ചിലന്തിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍


ചിലന്തിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍
ഒരു ചിലന്തി തീര്‍ത്ത വലയ്ക്കുള്ളിലകപ്പെട്ടതു
പോലെയാണെനിയ്ക്കിന്ന്.
എന്നെ ചുറ്റിവരിയുന്ന കറുത്തകൈകളെനിയ്ക്കു കാണാം-
അതിനുചുറ്റും വിറയ്ക്കുന്ന കറുത്തു തടിച്ച രോമങ്ങളും.

രാത്രിയുടെ ഉറക്കമില്ലായ്മകളില്‍പ്പെട്ടുഴറവേ
എന്നെ ചൂഴ്ന്നെത്തും ഭയം തീര്‍ക്കും
മുഖംമൂടികളെനിയ്ക്കവ്യക്തങ്ങളെങ്ങിലും- ചുവന്ന കണ്ണുകള്‍,വിഷപ്പല്ലുകള്‍
എല്ലാമെനിയ്ക്കു ചുറ്റും ഇപ്പോഴുമുണ്‍ട്.

എന്‍റ്റെ കണ്ണുകള്‍ക്കു കീഴില്‍ ഇന്ന്
കറുപ്പില്ല, വെളുപ്പുമില്ല-
ആരോ കോരിയൊഴിച്ച കടുംനിറങ്ങള്‍ തീര്‍ക്കും
ചായക്കൂട്ടുകള്‍ മാത്രം-പുതുമയേതുമില്ലാതെ.

ഒരു ചിലന്തി തീര്‍ത്ത വലയ്ക്കുള്ളിലകപ്പെട്ടതു
പോലെയാണെനിയ്ക്കിന്ന്.
ശബ്ദമില്ലാതെയും നിറമില്ലാതെയും എപ്പോഴും വന്നുചേരാനിടയുള്ള
അതിഥിയ്ക്കായ് കാത്തിരിപ്പാണിനി.

ഭീതി കനംതൂങ്ങുന്ന ഈ കാത്തിരിപ്പിനിടയില്‍
നഷ്ട്ടപ്പെട്ടവയെ,ഉപേക്ഷിയ്ക്കപ്പെട്ടവയെ,
സ്വപ്നവസന്തങ്ങള്‍ തീര്‍ത്തവയെ
എല്ലാമെല്ലാം ഓര്‍മിച്ചെടുക്കാം.

നടക്കാന്‍ തുടങ്ങിയിട്ടേറെ നേരമായിരിയ്ക്കണം
കാല്പാടുകള്‍ പതിയാത്ത വഴികളിലേയ്ക്ക് നോക്കിയിരിയ്ക്കാം-
ചിലന്തി തീര്‍ത്ത വലയ്ക്കുള്ളിലിരുന്ന്

മഞ്ഞിന്‍റ്റെ നേര്‍ത്ത തണുപ്പുമായെത്തുന്ന ഓര്‍മ്മപ്പെടുത്തലിനായി

Monday, March 16, 2009

Monday, March 2, 2009

Monday, January 5, 2009

കറുപ്പ്‌
പ്രജ്ഞയുടെ പടവുകളില്‍ നിന്ന്‌
വഴുതിവീഴാന്‍ തുടങ്ങിയപ്പോള്‍
ഞാനെന്‍റ്റെ ജാലകത്തിന്‍റ്റെ
വാതിലുകള്‍ തുറന്നിട്ടു- മഴനൂലുകള്‍ക്കായ്‌.
എന്‍റ്റെ കാഴ്ചയുടെ പരിധിയെ
മഴയുടെ ഈറന്‍സ്പന്ദനങ്ങളില്‍
നിന്നകറ്റിയ, ഒരു മൂടല്‍മഞ്ഞു പോലെ,
വീണ്ടും കറുപ്പ്‌.
രാത്രിയുടെ നിഗൂഢതകളുടെ
ഒരിയ്ക്കലുമെന്നെ വിട്ടൊഴിയാത്ത
ഒരു കൊച്ചുകിറുക്കിന്‍റ്റെ- കറുപ്പ്‌.
നിന്‍റ്റെ കൃഷ്ണമണികളുടെ മായാത്ത-
കറുപ്പ്‌.

ഏറെയരികിലുണ്ടായിരുന്നു നീ എന്നും-
നിന്‍റ്റെ വിരലുകളുടെ തണുപ്പ്‌
അറിയാതിരിയ്ക്കാനാകുന്നതിലും അടുത്ത്‌.
കാരണം, നമുക്കിടയിലെന്നും കറുപ്പിന്‍റ്റെ
കണ്ണാടിമറയുണ്ടായിരുന്നു.

ഞാന്‍, ഇടറിവീണ വഴികളില്‍
തിരിച്ചറിയപ്പെട്ട ചിന്തകളുമായി
കാണാതെ, കേള്‍ക്കാതെ നിന്നെ
അറിഞ്ഞുകൊണ്ടെയിരുന്നു.

കാരണങ്ങളില്‍ നിന്നു നീ
വഴിമാറി പോയിരുന്നുവോ പലപ്പോഴും?
അതുമല്ലെങ്കില്‍ നീ അറിഞ്ഞിരുന്നേ ഇല്ലായിരുന്നു
എന്‍റ്റെ സ്പന്ദനങ്ങളെ?

നിന്‍റ്റെ കിനാവുകളിലെ തണുപ്പിനെന്നും
സൂര്യന്‍റ്റെ താപമായിരുന്നു.
ഞാന്‍ നിനക്കറിയാതെ പോയ
അനേകരിലൊരുവളും.
ഒരിയ്ക്കല്‍, ജീവന്‍റ്റെ താളം തിരിച്ചറിഞ്ഞ,
ഉണ്മയുടെ വെളിച്ചം കണ്ടെത്തിയ
ആ കുന്നിറങ്ങുമ്പോള്‍
വഴിയ്ക്കരികിലെവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടിരുന്നുവല്ലോ
നിന്‍റ്റെ തണുപ്പ്‌.

പൊറുക്കുക നീ, തിരിച്ചറിയപ്പെടായ്മയില്‍
നഷ്ടപ്പെടുത്തിയതിന്.
ഇന്ന്, തിരിച്ചറിവിനൊടുവിലെത്തുമ്പോഴേയ്ക്കും
നമുക്കിടയിലെ തണുപ്പിനെ മറച്ചിരുന്ന
മൂടല്‍മഞ്ഞുപോലെ വീണ്ടും - കറുപ്പ്

രാത്രിയുടെ, നിഗൂഢതകളുടെ,
ഒരിയ്ക്കലുമെന്നെ വിട്ടൊഴിയത്ത
ഒരു കൊച്ചുകിറുക്കിന്‍റ്റെ കറുപ്പ്‌
നിന്‍റ്റെ കൃഷ്ണമണികളുടെ മായാത്ത കറുപ്പ്‌.

ശ്രീ....

Friday, January 2, 2009



my experiment on photography

കവിത

തനിയാവര്‍ത്തനങ്ങള്‍ക്ക്
തുരുത്തുകളിലെ അഭയം തേടിയലയട്ടെ
ഞാനിനിയും
വൈതരണികളിലെ അറിയാച്ചുഴികളില്‍പ്പെട്ടു
വഴിമാറി യാത്ര ചെയ്യട്ടെ, ഇനിയും.
മരുന്നുകളെ ഭയന്ന്, ഓടിയൊളിച്ച
കുട്ടിക്കാലത്തിന്‍റ്റെ അനുസ്മരണം പോലെ
ഓരോ ഒളിത്താവളങ്ങളും.
ഉണര്‍വ്വുകള്‍, നിനവുകള്‍,
നഷ്ട്ടപ്പെട്ട കൌമാരത്തിന്‍റ്റെ ഭീകരതകള്‍
ഇനിയും മായാതെ, എന്‍റ്റെ രാത്രികളുടെ ഘാതകരാകുന്നു.
പറയാന്‍ ബാക്കിവെച്ച വാക്കുകള്‍
നീറ്റുന്ന വേദന സമ്മാനിച്ച്
എന്‍റ്റെ സ്വപ്നങ്ങളുടെ തെന്നലിനൊപ്പമിന്നും
എന്നെത്തേടിയെത്തുന്നു.
എനിക്കു മുമ്പില്‍
സ്നേഹിച്ചു രസിയ്ക്കുന്ന ഈയമ്പാറ്റകള്‍,
ഭൂതകാലത്തിന്‍റ്റെ തനിയാവര്‍ത്തനങ്ങള്‍ക്കുള്ള
മുന്നറിയിപ്പാകുന്നു;
പക്ഷേ, നിഷേധിക്കാനാകാതെ, ഉപെക്ഷിക്കാനാവാതെയും
നഷ്ട്ടപ്പെടുത്തലുകള്‍ക്ക് എന്നെ നല്‍കുവാനാകാതെ,
തകര്‍ച്ചകളുടെ പടികളിറങ്ങുകയാണ്, ഞാനിപ്പൊഴും
ക്ഷമിക്കട്ടെ കാലമെന്നോട്.

ഒരു കവിത

സ്നേഹത്തെ അളക്കുമ്പോള്‍....
സ്വപ്നങ്ങളില്‍ ഞാന്‍ നിന്‍റ്റെ സ്നേഹംഅറിയുന്നു...
ഏകാന്തതയില്‍, ഞാന്‍ കാറ്റിനൊപ്പംനിന്‍റ്റെ സ്നേഹത്തെ സ്പര്‍ശിക്കുന്നു -
(നല്ല കുളിര്‍മ്മയത്രെയത്).
അതിനും തുടര്‍ച്ചയായി ഞാന്‍നിന്നെ സ്നേഹിച്ചു തുടങ്ങുന്നു.
പിന്നെ നമുക്കിടയില്‍ സ്നേഹം വളരുന്നു.
കാണാതിരിക്കെ, കേള്‍ക്കാതിരിക്കെസ്നേഹത്തിന്‍റ്റെ മധുരമേറുന്നു -
(വിരഹത്തില്‍ സ്നേഹം ഇരട്ടിയ്ക്കുന്നുവത്രെ)
മറവിയില്‍ സ്നേഹം നാലിരട്ടിയാണ്;
മരണത്തിലത് ആയിരമാവുന്നു.
....................
മരണത്തിനേഴാം നാള്‍സ്നേഹം പകുക്കപ്പെടുന്നു.
പിന്നെയുമൊരുനാള്‍ ‍ഞാനും നീയുമില്ലാത്ത ശൂന്യതയുടെ
ഒരു വലിയ വൃത്തത്തിലേയ്ക്കത്
ചുരുങ്ങിയിരിക്കും.

ശ്രീ.........