Friday, January 2, 2009

കവിത

തനിയാവര്‍ത്തനങ്ങള്‍ക്ക്
തുരുത്തുകളിലെ അഭയം തേടിയലയട്ടെ
ഞാനിനിയും
വൈതരണികളിലെ അറിയാച്ചുഴികളില്‍പ്പെട്ടു
വഴിമാറി യാത്ര ചെയ്യട്ടെ, ഇനിയും.
മരുന്നുകളെ ഭയന്ന്, ഓടിയൊളിച്ച
കുട്ടിക്കാലത്തിന്‍റ്റെ അനുസ്മരണം പോലെ
ഓരോ ഒളിത്താവളങ്ങളും.
ഉണര്‍വ്വുകള്‍, നിനവുകള്‍,
നഷ്ട്ടപ്പെട്ട കൌമാരത്തിന്‍റ്റെ ഭീകരതകള്‍
ഇനിയും മായാതെ, എന്‍റ്റെ രാത്രികളുടെ ഘാതകരാകുന്നു.
പറയാന്‍ ബാക്കിവെച്ച വാക്കുകള്‍
നീറ്റുന്ന വേദന സമ്മാനിച്ച്
എന്‍റ്റെ സ്വപ്നങ്ങളുടെ തെന്നലിനൊപ്പമിന്നും
എന്നെത്തേടിയെത്തുന്നു.
എനിക്കു മുമ്പില്‍
സ്നേഹിച്ചു രസിയ്ക്കുന്ന ഈയമ്പാറ്റകള്‍,
ഭൂതകാലത്തിന്‍റ്റെ തനിയാവര്‍ത്തനങ്ങള്‍ക്കുള്ള
മുന്നറിയിപ്പാകുന്നു;
പക്ഷേ, നിഷേധിക്കാനാകാതെ, ഉപെക്ഷിക്കാനാവാതെയും
നഷ്ട്ടപ്പെടുത്തലുകള്‍ക്ക് എന്നെ നല്‍കുവാനാകാതെ,
തകര്‍ച്ചകളുടെ പടികളിറങ്ങുകയാണ്, ഞാനിപ്പൊഴും
ക്ഷമിക്കട്ടെ കാലമെന്നോട്.

1 comment:

  1. ഒറ്റതുരുത്തിലെത്തപ്പെട്ടു നഷ്ടങ്ങൾ കോറി വരയ്ക്കുന്ന അക്ഷരങ്ങൾ. ആശംസകൾ..

    ReplyDelete