Monday, January 5, 2009

കറുപ്പ്‌
പ്രജ്ഞയുടെ പടവുകളില്‍ നിന്ന്‌
വഴുതിവീഴാന്‍ തുടങ്ങിയപ്പോള്‍
ഞാനെന്‍റ്റെ ജാലകത്തിന്‍റ്റെ
വാതിലുകള്‍ തുറന്നിട്ടു- മഴനൂലുകള്‍ക്കായ്‌.
എന്‍റ്റെ കാഴ്ചയുടെ പരിധിയെ
മഴയുടെ ഈറന്‍സ്പന്ദനങ്ങളില്‍
നിന്നകറ്റിയ, ഒരു മൂടല്‍മഞ്ഞു പോലെ,
വീണ്ടും കറുപ്പ്‌.
രാത്രിയുടെ നിഗൂഢതകളുടെ
ഒരിയ്ക്കലുമെന്നെ വിട്ടൊഴിയാത്ത
ഒരു കൊച്ചുകിറുക്കിന്‍റ്റെ- കറുപ്പ്‌.
നിന്‍റ്റെ കൃഷ്ണമണികളുടെ മായാത്ത-
കറുപ്പ്‌.

ഏറെയരികിലുണ്ടായിരുന്നു നീ എന്നും-
നിന്‍റ്റെ വിരലുകളുടെ തണുപ്പ്‌
അറിയാതിരിയ്ക്കാനാകുന്നതിലും അടുത്ത്‌.
കാരണം, നമുക്കിടയിലെന്നും കറുപ്പിന്‍റ്റെ
കണ്ണാടിമറയുണ്ടായിരുന്നു.

ഞാന്‍, ഇടറിവീണ വഴികളില്‍
തിരിച്ചറിയപ്പെട്ട ചിന്തകളുമായി
കാണാതെ, കേള്‍ക്കാതെ നിന്നെ
അറിഞ്ഞുകൊണ്ടെയിരുന്നു.

കാരണങ്ങളില്‍ നിന്നു നീ
വഴിമാറി പോയിരുന്നുവോ പലപ്പോഴും?
അതുമല്ലെങ്കില്‍ നീ അറിഞ്ഞിരുന്നേ ഇല്ലായിരുന്നു
എന്‍റ്റെ സ്പന്ദനങ്ങളെ?

നിന്‍റ്റെ കിനാവുകളിലെ തണുപ്പിനെന്നും
സൂര്യന്‍റ്റെ താപമായിരുന്നു.
ഞാന്‍ നിനക്കറിയാതെ പോയ
അനേകരിലൊരുവളും.
ഒരിയ്ക്കല്‍, ജീവന്‍റ്റെ താളം തിരിച്ചറിഞ്ഞ,
ഉണ്മയുടെ വെളിച്ചം കണ്ടെത്തിയ
ആ കുന്നിറങ്ങുമ്പോള്‍
വഴിയ്ക്കരികിലെവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടിരുന്നുവല്ലോ
നിന്‍റ്റെ തണുപ്പ്‌.

പൊറുക്കുക നീ, തിരിച്ചറിയപ്പെടായ്മയില്‍
നഷ്ടപ്പെടുത്തിയതിന്.
ഇന്ന്, തിരിച്ചറിവിനൊടുവിലെത്തുമ്പോഴേയ്ക്കും
നമുക്കിടയിലെ തണുപ്പിനെ മറച്ചിരുന്ന
മൂടല്‍മഞ്ഞുപോലെ വീണ്ടും - കറുപ്പ്

രാത്രിയുടെ, നിഗൂഢതകളുടെ,
ഒരിയ്ക്കലുമെന്നെ വിട്ടൊഴിയത്ത
ഒരു കൊച്ചുകിറുക്കിന്‍റ്റെ കറുപ്പ്‌
നിന്‍റ്റെ കൃഷ്ണമണികളുടെ മായാത്ത കറുപ്പ്‌.

ശ്രീ....

2 comments:

  1. ഞാന്‍ നിനക്കറിയാതെ പോയ
    അനേകരിലൊരുവളും.....

    കറുപ്പിനേഴോ അഴക്‌???

    ReplyDelete
  2. പൊറുക്കുക നീ, തിരിച്ചറിയപ്പെടായ്മയില്‍
    നഷ്ടപ്പെടുത്തിയതിന്.
    ഇന്ന്, തിരിച്ചറിവിനൊടുവിലെത്തുമ്പോഴേയ്ക്കും
    നമുക്കിടയിലെ തണുപ്പിനെ മറച്ചിരുന്ന
    മൂടല്‍മഞ്ഞുപോലെ വീണ്ടും - കറുപ്പ് tats good..i like it..

    ReplyDelete